10 കോടി സമ്മാനത്തുക ഫ്രിഡ്ജില്‍ കിടന്നത് 38 ദിവസം


ക്യാന്‍ബെറ: ലോട്ടറി അടിച്ചു. അതും ഒന്നാം സമ്മാനം തന്നെ. സമ്മാനത്തുക 10 കോടി രൂപ. പക്ഷേ സമ്മാനാര്‍ഹമായ ലോട്ടറി ഉടമസ്ഥന്‍ അറിയാതെ ഫ്രിഡ്ജില്‍ കിടന്നത് 38 ദിവസം. ഓസ്ട്രേലിയയില്‍ ആണ് സംഭവം. വടക്കന്‍ മേഖലയായ കാതറിന്‍ സ്വദേശിക്കാണ് സമ്മാനം അടിച്ചത്.


ലോട്ടറി നറുക്കെടുത്തിട്ടും ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ പണം വാങ്ങാന്‍ വരാത്തത് ചര്‍ച്ചയായിരുന്നു. ഈ സമയമത്രയും ഉടമ അറിയാതെ ടിക്കറ്റ് ഫ്രിഡ്ജില്‍ വിശ്രമിക്കുകയായിരുന്നു. ഒടുവില്‍ 38 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫ്രീസറിലിരുന്ന ബംബര്‍ സമ്മാനം ശ്രദ്ധയില്‍പ്പെട്ടത്.


യഥാര്‍ത്ഥ ഉടമക്ക് തന്നെ സമ്മാനം കിട്ടിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ലോട്ടറി വിറ്റ കാതറിന്‍ എക്സ്പോഷര്‍ ഫോട്ടോഗ്രാഫിക്സ് ഉടമ പറഞ്ഞു. എല്ലാ ദിവസവും യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞോ എന്ന് അന്വേഷിച്ച്‌ ആളുകള്‍ വരാറുണ്ടായിരുന്നു. ഇനി തങ്ങള്‍ക്ക് അവരോട് സന്തോഷത്തോടെ പറയാം അതെ എന്ന് – അവര്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടിലേക്ക് വാങ്ങിയ ഭക്ഷണ സാധനത്തിനൊപ്പം ടിക്കറ്റും അബദ്ധത്തില്‍ അതിനൊപ്പം ഫ്രിഡ്ജിലെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌.



Sharing is Caring