ഹൈക്കോടതി ഉത്തരവ്: മുഖ്യനും സര്‍ക്കാരിനും മുഖം നഷ്ടപ്പെട്ടു

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് മുഖ്യപ്രതിയായ കടകംപള്ളിയിലെയും കളമശേരിയിലെയും ഭൂമി തട്ടിപ്പ് കേസ് സി ബി ഐക്ക് വിട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിനും യു ഡി എഫിനും കനത്ത തിരിച്ചടിയായി. ഹാക്കോടതി ഈ കേസുമായി ബന്ധപ്പെട്ട് പല തവണ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നതാണ്. എന്നിട്ടും വേണ്ടവിധത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ശക്തമായ ഭാഷയില്‍ സര്‍ക്കാരിെനെയ മുഖ്യമന്ത്രിയെയും വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദിയെന്നും വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിനും യു ഡി എഫിനും ഉത്തരം മുട്ടിയിരിക്കുകയാണ്.
സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസിന്റെ വാദത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്തതാണ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന വാദവും ഉമ്മന്‍ ചാണ്ടി നിരത്തി.
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് സി ബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കണ്ണൂരില്‍ വ്യക്തമാക്കി. മുന്‍ഗണ്‍മാനായ സലിംരാജിനെതിരെയുള്ള കേസ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പറയാനുള്ളത് അദ്ദേഹം പറയുമെന്നും ചെന്നിത്തല പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതുകൂടി അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. സലിംരാജിന്റെ കാര്യത്തിലല്ല അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായതെന്നും ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *