ഹരിയാന മുഖ്യമന്ത്രി ബലാത്സംഗത്തെ ന്യായീകരിക്കുന്നുവെന്ന് കേജരിവാള്‍


ന്യൂഡല്‍ഹി: ബലാത്സംഗങ്ങള്‍ സംബന്ധിച്ച്‌ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍. കഴിഞ്ഞയാഴ്ച ഒരു റാലിയില്‍ പ്രസംഗിക്കവേ ഖട്ടാര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാത്സംഗ പരാതികളില്‍ ഏറിയ പങ്കും അടിസ്ഥാനരഹിതമാണെന്നായിരുന്നു ഖട്ടാറിന്‍റെ വാക്കുകള്‍.


തമ്മില്‍ അറിയാവുന്ന വ്യക്തികള്‍ തമ്മില്‍ വഴക്കുണ്ടാകുകയോ തമ്മില്‍ തെറ്റിപ്പിരിയുകയോ ചെയ്യുന്ന സമയത്താണ് പലപ്പോഴും ഇത്തരത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


ഒരു മുഖ്യമന്ത്രി ഇത്തരത്തിലാണ് ചിന്തിക്കുന്നതെങ്കില്‍ ആ നാട്ടിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് എങ്ങനെ പറയുമെന്ന് കേജരിവാള്‍ ചോദിച്ചു. മുഖ്യമന്ത്രി ബലാത്സംഗങ്ങളെ ന്യായീകരിക്കുകയാണ്. ഹരിയാനയിലെ പീഡന കേസുകളില്‍ പ്രതികള്‍ പിടിക്കപ്പെടാത്തതിന് ഒരു പരിധിവരെ ഇത്തരം നിലപാടുകളും കാരണമാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.



Sharing is Caring