സൗദി അറേബ്യയില്‍ രണ്ടാമതൊരു ദേശീയ എയര്‍ലൈന്‍ കമ്പനി കൂടി വരുന്നു. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിന്റെ പ്രാഥമിക പ്രഖ്യാപനം നടത്തിയത്. മറ്റൊരു ഫഌഗ് ക്യാരിയര്‍ കൂടി വരുന്നത് എയര്‍ ട്രാന്‍സിറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ സൗദിയുടെ സ്ഥാനം അഞ്ചാം റാങ്കിലേക്ക് ഉയര്‍ത്തുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സൗദിയ എന്ന ദേശീയ എയര്‍ലൈനാണ് രാജ്യത്തുള്ളത്.
ആഗോളതലത്തില്‍ ലോജിസ്റ്റിക് ഹബ് ആയി വളര്‍ന്നു വരാനുള്ള സൗദിയുടെ പദ്ധതി പ്രകാരമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായാണ് വിമാനത്താവളം, റെയില്‍, റോഡ് പാതകളുടെ വികസനം രാജ്യത്ത് കാര്യക്ഷമമാവുന്നത്. രാജ്യത്തെ മൊത്തം ജിഡിപിയില്‍ ലോജിസ്റ്റിക് മേഖലയില്‍ നിന്നും സംഭാവന ആറ് ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം.

മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമായി സൗദിയെ സ്ഥാപിക്കുക എന്നതാണ് ഈ സമഗ്ര പദ്ധതിയുടെ ലക്ഷ്യമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തിന്റെ വരുമാന ശ്രോതസ്സ് എണ്ണവിപണിയില്‍ നിന്നും മാറ്റാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടികള്‍. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി 2030 ഓടു കൂടി എണ്ണ ഇതര വരുമാനം 45 ബില്യണ്‍ റിയാല്‍ ആയി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.













