സ്‌കൂള്‍ കെട്ടിടം പുരാവസ്തു ഏറ്റെടുക്കുന്നു;ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍


കോഴിക്കോട്: സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും ചേര്‍ന്നു പരാതി നല്‍കി. പഴക്കംചെന്ന കെട്ടിടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗസറ്റില്‍ ആദ്യ വിജ്ഞാപനം വന്നതിനെത്തുടര്‍ന്നാണ് വകുപ്പിന് അപ്പീല്‍ നല്‍കിയത്.


1920ല്‍ 600 കുട്ടികളുണ്ടായിരുന്ന സമയത്താണ് കെട്ടിടം നിര്‍മിച്ചത്. എന്നാലിപ്പോള്‍ ആയിരത്തിലധികം കുട്ടികളാണു ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ സൗകര്യമുള്ള കെട്ടിടം നിര്‍മിക്കണമെന്നതു വര്‍ഷങ്ങളായി രക്ഷിതാക്കളുടെ ആവശ്യമാണ്. നിലവിലുള്ള കെട്ടിടം പൊളിച്ചു പുതിയതു നിര്‍മിക്കാനുള്ള നടപടികള്‍ 4 വര്‍ഷം മുന്‍പാണു തുടങ്ങിയത്.


സര്‍ക്കാര്‍ സ്‌കൂളുകളുള്‍പ്പെടെ ഹൈടെക് ആയി മാറുമ്പോള്‍ സെന്റ് ജോസഫിലെ കുട്ടികള്‍ സൗകര്യങ്ങള്‍ കുറഞ്ഞ സാഹചര്യങ്ങളില്‍ പഠിക്കേണ്ട സ്ഥിതിയാണ്. മുപ്പത്് കുട്ടികള്‍ക്ക് വിഭാവനം ചെയ്ത ക്ലാസില്‍ ഇപ്പോള്‍ അറുപതോളം കുട്ടികള്‍ പഠിക്കുമ്പോള്‍ നിന്നു തിരിയാന്‍ പോലുമുള്ള സൗകര്യമില്ല. ഇടുങ്ങിയ ക്ലാസ് മുറിയില്‍ എങ്ങനെ കംപ്യൂട്ടറും മറ്റും സ്ഥാപിച്ച് ഹൈടെക് ആക്കി മാറ്റും എന്നതാണ് ചോദ്യം.

വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയോടെയാണ് രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത്. അങ്ങനെ ഒരു അപകടം ഉണ്ടായാല്‍ ആരു സമാധാനം പറയും.പൈതൃക കെട്ടിടമായി സംരക്ഷിച്ചാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍പോലും നടത്താനാകില്ല. അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ വകുപ്പിന്റെ അനുമതിക്ക് കാത്തിരിക്കണം.

രണ്ടാമത്തെ സാധ്യത ഈ കെട്ടിടത്തില്‍നിന്ന് സ്‌കൂള്‍ പൂര്‍ണമായും മാറ്റുകയെന്നതാണ്. ഇതിനായി പുതിയ സ്ഥലം കണ്ടെത്തുകയെന്നത് നടക്കാത്ത കാര്യമാണ്. സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് മാത്രമാണ് ക്യാംപസില്‍ ശേഷിക്കുന്ന സ്ഥലം. സ്‌കൂള്‍ തുടങ്ങിയ 1862ല്‍ നിര്‍മിച്ച കെട്ടിടമാണ് നിലവിലുള്ളതെന്നാണ് വകുപ്പ് പറയുന്നത്. എന്നാല്‍, 1862ല്‍ ഒരു ചെറിയ ഷെഡിലാണ് സ്‌കൂള്‍ ആരംഭിച്ചത്. ഇപ്പോഴുള്ള കെട്ടിടത്തിന് 98 വര്‍ഷത്തെ പഴക്കമേയുള്ളൂവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂള്‍ കെട്ടിടത്തിനൊപ്പം പഴക്കമുള്ള മഠവും വകുപ്പ് ഏറ്റെടുക്കുന്നതു കന്യാസ്ത്രീകളുടെ സാധാരണ ജീവിതത്തിനുപോലും തടസ്സമാകുമെന്നും പറയുന്നു.

അപ്പസ്‌തോലിക് കാര്‍മല്‍ സിസ്റ്റര്‍മാര്‍ നടത്തുന്ന സ്‌കൂളില്‍ പഴയതും പുതിയതുമായ 2 കെട്ടിടങ്ങളിലായി 1500 പെണ്‍കുട്ടികളാണു പഠിക്കുന്നത്. സ്‌കൂളിന്റെയും മഠത്തിന്റെയും കെട്ടിടങ്ങളോടു പൂര്‍വിദ്യാര്‍ഥികള്‍ക്കുള്ളതിനെക്കാള്‍ വൈകാരിക ബന്ധം വര്‍ഷങ്ങളായി ഇവിടെയുള്ള സിസ്റ്റര്‍മാര്‍ക്കുണ്ടെങ്കിലും വിദ്യാഭ്യാസ പുരോഗതിയെക്കരുതിയാണ് പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിധിഷ,
പിടിഎ പ്രസിഡന്റ് വരുണ്‍ ഭാസ്‌ക്കര്‍ എന്നിവര്‍ പറഞ്ഞു. ഇതിലും എത്രയോ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു പുതിയവ പണിയുമ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നം ഈ സ്‌കൂളിനോടു മാത്രം കാണിക്കുന്നത് എന്തിനാണെന്നാണ് ഉയരുന്ന സംശയം.

പരിമിതികള്‍ക്കുള്ളില്‍നിന്നു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞ സ്‌കൂളിനെ തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. നിലവിലുള്ള കെട്ടിടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ആര്‍ച്ചും പില്ലറുകളുമാണ്. ഇതേ മാതൃകയിലുള്ള ആര്‍ച്ചും പില്ലറുകളും പുതിയ കെട്ടിടത്തിലുമുണ്ടാകും.



Sharing is Caring