സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകില്ലെന്ന്‌ മുന്നറിയിപ്പ് നല്‍കി നെതന്യാഹു


സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകില്ലെന്നും പലസ്തീന് രാഷ്ട്രപദവി നല്‍കിയ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.


ഈ നടപടിയിലൂടെ ഭീകരവാദത്തിന് നിങ്ങള്‍ സമ്മാനം നല്‍കുകയാണെന്നും ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്നും ഒരു ഭീകര രാഷ്ട്രം നിർബന്ധിച്ച്‌ അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കുമെന്നും നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.


നിരവധി യൂറോപ്യൻ രാജ്യങ്ങളും യുഎസിന്‍റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച്‌ ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തില്‍ ഫ്രാൻസ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും.

ഫ്രാൻസില്‍ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച്‌ ഇന്നു ടൗണ്‍ ഹാളുകളില്‍ പലസ്തീൻ പതാക ഉയർത്താൻ മേയർമാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്‍റെ തീരുമാനം.



Sharing is Caring