സ്ത്രീകളുടെ അനുവാദമില്ലാതെ സെല്‍ഫി, ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍


സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിവേക്‌ നാരായണനെ അറസ്റ്റ് ചെയ്തത്. ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ച്‌ എടുത്ത ചിത്രമാണ് കേസിനും അറസ്റ്റിനും ആധാരം.


വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ചേര്‍ത്ത് വിവേക് സെല്‍ഫി എടുത്തതാണ് പരാതിക്ക് ആധാരം. ചിത്രമെടുത്തത് സ്ത്രീകള്‍ ചോദ്യം ചെയ്യുകയും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്‌.


ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്ബാകെ പരാതി നല്‍കി. ഉടന്‍ തന്നെ അവര്‍ വിവേകിനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരമാണ് കേസ്‌.

വിവേകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വിവേകിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇതേക്കുറിച്ച്‌ വിവേക്‌ നാരായണിന്റെ പ്രതികരണം ലഭ്യമല്ല. വിവേക് റിസര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ രണ്ട് സ്ത്രീകള്‍ അടങ്ങുന്ന ഏഴം​ഗസംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി വിവേക് നാരായണിനോട്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു



Sharing is Caring