തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളി ശരണ്യ മനോജ്.പരാതിക്കാരി എഴുതിയ യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താന്‍ തന്നെ സിബിഐയില്‍ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയില്‍ ഉള്‍പ്പെടുത്തിയതെന്നും ശരണ്യ ചോദിച്ചു.
‘ഇതുമായി ബന്ധപ്പെട്ട് ഞാന്‍ സിബിഐയില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഗണേശ് കുമാറോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടില്ല. കത്ത് അവസാനമായി കൈമാറുന്നത് നന്ദകുമാര്‍ എന്ന വ്യക്തിയാണ്. ഉമ്മന്‍ ചാണ്ടി സാര്‍ ഇതില്‍ കക്ഷിയല്ലെന്ന് പറഞ്ഞ് എല്ലാവരും മൊഴി നല്‍കിയിട്ടുണ്ട്.

കത്തില്‍ എഴുതി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും പങ്കില്ല. രണ്ട് കത്താണ് ദല്ലാള്‍ നന്ദകുമാര്‍ ഹാന്‍ഡ് ഓവര്‍ ചെയ്തത്. എന്റെ കൈയിലുണ്ടായിരുന്നത് ഒറിജിനല്‍ കത്താണ്. അത് സോളാര്‍ കേസ് ഇരയ്ക്ക് തന്നെ തിരികെ നല്‍കിയിട്ടുണ്ട്.
ഈ ഒറിജിനല്‍ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല. ഉമ്മന്‍ ചാണ്ടി സാറിന് ഇതില്‍ പങ്കില്ലെന്ന് ഞാനും ഗണേഷ് കുമാറുമെല്ലാം സിബിഐക്ക് മൊഴി കൊടുത്തതാണ്. പിന്നെങ്ങനെ സിബിഐ എന്റെ പേര് എഴുതി ചേര്‍ത്തു എന്നെനിക്ക് അറിയില്ല’ ശരണ്യ മനോജ് പറഞ്ഞു.













