കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ സിനിമ താരങ്ങളെല്ലാം കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ വീട്ടിലിരിപ്പായി. ചിലര്‍ ലോക്കഡൗണ്‍ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ രസകരമായൊരു യാത്ര വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. യാത്ര വേറെ എങ്ങോട്ടുമല്ല, തൊട്ടടുത്ത കടയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനാണ്. സോനൂസ് സൂപ്പര്‍ മാര്‍ക്കെറ്റ് എന്നാണ് വീടിനടുത്തുള്ള കൊച്ചു കടയ്ക്ക് സുരഭി നല്‍കിയിരിക്കുന്ന പേര്.
കടയില്‍ സാധനം വാങ്ങാന്‍ പോകുന്ന വീഡിയോയയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം എത്രത്തോളം ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിനടുത്തുള്ള ചെറിയ കടകള്‍ ഉപകാരപ്രദമാണെന്നും സുരഭി പറയുന്നുണ്ട്.

സുരഭിയുടെ വാക്കുകള്‍:
‘ഈ ലോക്ക്ഡൗണ്‍ സമയത്ത് വലിയൊരു ആശ്വാസം തന്നെയാണ് സോനൂ സൂപ്പര്‍മാര്‍ക്കറ്റ്. എനിക്കും അത് പോലെ ഈ പരിസരത്തുള്ള കൊറേ കുട്ടികള്‍ക്കും. തേന്‍ മുട്ടായി, ലേസ്, കടലക്കമുട്ടായി, ബിസ്‌ക്കറ്റ്, കോഴിമുട്ട അങ്ങനെ എല്ലാ സാധനങ്ങള്‍ക്കും ഞങ്ങള്‍ ഓടുന്നത് അങ്ങോട്ടേക്കാണ്. പൈസയൊന്നും കൊടുക്കണ്ട, ഇങ്ങള് കണ്ടില്ലെ. പെന്നില്ലാത്തത് കൊണ്ട് കണക്ക് എഴുതാന്‍ വയ്യ. അത്‌കൊണ്ട് പിന്നെ തന്നാ മതി പറഞ്ഞു. ഞാന്‍ ആലോചിക്കാറുണ്ട് എന്തിനാണ് സോനു ചേട്ടന്‍ ഇങ്ങനെയൊരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്. ചിലപ്പോ നമ്മളെ ഈ ലോക്ക്ഡൗണിലൊക്കെ സഹായിക്കാന്‍ വേണ്ടിയാണോ. ആരോടും അങ്ങനെ പൈസ ചോദിച്ച് വാങ്ങാറില്ല. നമ്മള്‍ അങ്ങോട്ട് പോയി ഓര്‍മ്മിപ്പിച്ച് കൊടുക്കണം.’













