സൂപ്പര്‍ ലീഗ് കേരള;മലപ്പുറം എഫ്സി കണ്ണൂർ വാരിയേർസ് എഫ്സിയുമായി ഏറ്റുമുട്ടുന്നു


സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്സി മൂന്നാം എവേ മല്‍സരത്തിനിറങ്ങുന്നു.കണ്ണൂർ വാരിയേർസ് എഫ്സിയാണ് എതിരാളികള്‍. ഇന്ന് കണ്ണൂർ ജവഹർ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തില്‍ ഇരുവരും ഏറ്റുമുട്ടിയ ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.


സെമി-ഫൈനല്‍ സാധ്യതകള്‍ നിലനിർത്തുന്നതിനായി ഒരു സമനിലക്കപ്പുറം എംഎഫ്സിക്ക് ഇത്തവണ കണ്ണൂരിനെതിരെ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. തിരിച്ച്‌ കണ്ണൂരിനും അങ്ങനെ തന്നെ. അത്കൊണ്ട് ജയിക്കാനുറച്ച്‌ തന്നെയായിരിക്കും കണ്ണൂരിൻറെ മണ്ണിലേക്ക് മലപ്പുറം പോകുന്നത്.നിലവില്‍ രണ്ട് ടീമുകളും കഴിഞ്ഞ മത്സരം പരാജയപ്പെട്ടാണ് നില്‍ക്കുന്നത്. മലപ്പുറം എഫ്‌സി തൃശ്ശൂരിനോടും കണ്ണൂർ വാരിയേർസ് കൊമ്ബൻസിനോടുമാണ് തോല്‍വി നേരിട്ടത്. കണ്ണൂരിന് തങ്ങളുടെ കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യ മത്സരം തൃശ്ശൂരിനെതിരെ സമനിലയിലായപ്പോള്‍ രണ്ടാമത്തെ മത്സരം സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരുവനന്തപുരം കൊമ്ബൻസിനെതിരെ 3-1 ന് തോല്‍ക്കുകയും ചെയ്തിരുന്നു.


ആറ് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി മലപ്പുറം എഫ്‌സി നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള കണ്ണൂർ വാരിയേർസ് തൊട്ട് പിന്നില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. നേടിയ ഗോളുകളുടെ വ്യത്യാസത്തിലാണ് മലപ്പുറം മുന്നിട്ട് നില്‍ക്കുന്നത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായത് കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ബുധനാഴ്ച കണ്ണൂരിൻറെ മണ്ണില്‍ അരങ്ങേറാൻ പോകുന്നത്.കണ്ണൂർ വാരിയേർസിനെതിരായ മല്‍സരത്തെ കുറിച്ച്‌ മുഖ്യ പരിശീലകൻ മിഗ്വേല്‍ കോറലിൻറെ വാക്കുകള്‍:- “തൃശൂരിനെതിരായ തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാണ്. ചില നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു, പക്ഷേ അവ ഗോളുകളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോള്‍ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും കണ്ണൂർ വാരിയേഴ്സിനെതിരായ അടുത്ത മത്സരത്തിലാണ്. തീർച്ചയായും അവർ ശക്തരായ ഒരു ടീമാണ്, ഞങ്ങള്‍ ഞങ്ങളുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ടിട്ടുണ്ട്. തിരിച്ചുവരാൻ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ ആരാധകർക്കായി ഞങ്ങള്‍ എല്ലാം നല്‍കും.”



Sharing is Caring