സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നു


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നു. അടുത്ത മാസം പത്തിനാണ് അദേഹം സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പായി തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദേഹം ശുപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി
ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാറിന് കത്തയച്ചു.പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കാനാവശ്യപ്പെട്ട് കേന്ദ്രം ചന്ദ്രചൂഡിന് നേരത്തെ കത്തയച്ചിരുന്നു. നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കേന്ദ്രം ശിപാര്‍ശ അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന അടുത്ത മാസം ചുമതലയേല്‍ക്കും.


2025 മേയ് 13വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ട്.ഡല്‍ഹി സ്വദേശിയായ ജസ്റ്റിസ് ഖന്ന, 1983 ല്‍ ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകനായി തുടങ്ങി. ഡല്‍ഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു. 2005 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി.


ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമിയുടെയും ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെയും ചുമതല വഹിച്ചു.2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലെത്തിയ വ്യക്തികളില്‍ ഒരാളാണ് സഞ്ജീവ് ഖന്ന. സുപ്രീംകോടതി ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു



Sharing is Caring