തിരുവനന്തപുരം: കോട്ടുകാല്‍ മരുതുര്‍ക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ 3 ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. റാഗിംഗ് ആണെന്നാണ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളുടെ പരാതി. ഒരാളുടെ മുതുകില്‍ നീളത്തിലാണ് ബ്ലേഡുകൊണ്ട് വരഞ്ഞിരിക്കുന്നത്. കോളേജിലെ ഡി.ഇ .എല്‍.ഇ .ഡി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി നിധിന്‍ രാജ് (20), പത്തനംതിട്ട സ്വദേശി സോനു വര്‍മ്മ(18), ഇടുക്കി സ്വദേശി ശരത്ത് മോഹന്‍ (22) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
സോനുവര്‍മ്മയ്ക്കാണ് മുതുകില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ക്യാന്‍റീനില്‍ നില്‍ക്കുന്ന പ്രായമായ സ്ത്രീയോട് ചായ തികഞ്ഞില്ലെന്നാരോപിച്ച് ബി.എഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മോശമായി സംസാരിക്കുന്നത് കണ്ടു ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതാണ് സംഭവത്തിനാധാരം. പെണ്‍കുട്ടികള്‍ ഈ വിവരം അവരുടെ സഹപാഠികളായ ആണ്‍കുട്ടികളോട് പറയുകയും ചെയ്തു. ഇതോടെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് വരുത്തി സീനിയര്‍ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം എന്നാണ് പൊലീസ് നിഗമനം. ആക്രമണത്തില്‍ നിധിന്‍ രാജിന് ബോധം നഷ്ടമായി. ഇതിനിടെ അക്രമികള്‍ ക്യാമ്ബസ് വിട്ടിരുന്നു. വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയാണ് 108 ആംബുലന്‍സില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.ഐ ദീപുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












