സിറിയയില്‍ വൻ ആക്രമണം നടത്തി ഇസ്രായേല്‍. പ്രസിഡന്റ് ബശ്ശാറുല്‍ അസദില്‍ നിന്നും വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം.നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഡമാസ്കസ് ഉള്‍പ്പടെ നാല് സിറിയൻ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ആക്രമണങ്ങളില്‍ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, 250ഓളം കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇസ്രായേല്‍ ഉദ്യോഗസ്ഥൻ അറിയിക്കുന്നത്. രാജ്യത്തെ പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ തകർത്തുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഡമാസ്കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറൻ നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാൻ കുന്നുകള്‍ക്ക് സമീപത്തെ പൗരൻമാരെ സംരക്ഷിക്കുന്നതിനായി ചില നടപടികള്‍ സ്വീകരിച്ചുവെന്ന് ഇസ്രായേല്‍ യു.എൻ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്.













