സിബിഐ കേസില്‍ നിന്നും ചീഫ് ജസ്റ്റീസ് പിന്മാറി


ന്യൂഡല്‍ഹി: സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. അലോക് വര്‍മയെ മാറ്റി എം.നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയ നടപടി ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നാണ് ചീഫ് ജസ്റ്റീസ് പിന്മാറിയത്.


സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായതിനാലാണ് പിന്മാറ്റം. നാഗേശ്വര്‍ റാവുവുന്‍റെ നിയമനത്തിനെതിരേ ഹര്‍ജി ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.


നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കി അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി വീണ്ടും നിയമിക്കുകയും ചെയ്തു.

ഈ ഉത്തരവ് പുറപ്പെടുവിച്ച ശേഷം നടന്ന സെലക്ഷന്‍ സമിതി യോഗത്തില്‍ നിന്നും ചീഫ് ജസ്റ്റീസ് പിന്മാറി എ.കെ.സിക്രിയെയാണ് അയച്ചിരുന്നത്. ഈ യോഗമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റീസിന് പുറമേ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗങ്ങള്‍.



Sharing is Caring