ബലാത്സംഗ കേസില്‍ പ്രതിയായ സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റില്‍ നിന്നും സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനും സിദ്ദിഖിന് സമയം അനുവദിച്ചിട്ടുണ്ട്. സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് റിപ്പോർട്ടിന് മറുപടി സമർപ്പിക്കാൻ സമയം ചോദിച്ചത്.
കേസില്‍ പരാതി നല്‍കാൻ വൈകിയതിന് കുറിച്ച് ഇന്ന് കോടതിയില്‍ വാദം നടന്നു. സിദ്ദിഖ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായുള്ള മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ളവ സിദ്ദിഖ് കൈമാറുന്നില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടൻ സിദ്ദീഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാല്‍ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.













