ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും.മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.കഴിഞ്ഞ ദിവസം തൃശൂര്‍ ചെറുതിരുത്തിയില്‍ നടത്തിയ തെളിവ് ശേഖരണത്തില്‍ സിദ്ദിഖിന്റേതെന്ന് കരുതുന്ന എടിഎം കാര്‍ഡ് ,ചെക്ക് ബുക്ക് ,തോര്‍ത്ത് എന്നിവ കണ്ടെത്തിയിരുന്നു.
കാര്‍ ഉപേക്ഷിച്ച പറമ്പിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.നേരത്തെ ഷിബിലിയും ഫര്‍ഹാനയും ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ മൊഴി.ഇനി സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ കണ്ടെത്താനുണ്ട്.

ഇതോടൊപ്പം സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ വാങ്ങിയ കോഴിക്കോട്ടെ കടകളിലുമാണ് തെളിവ് ശേഖരിക്കാനുള്ളത്.5 ദിവസത്തിനാണ് ഇന്നലെ ഷിബിലിയെയും ഫര്‍ഹാനയെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത് .
സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുള്‍പ്പെടെയുള്ളവ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണക്കടുത്തെ ചീരട്ട മലയില്‍ നിന്നാണ് ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്.













