സാമൂഹിക മാധ്യമ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം


തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റുകള്‍ കര്‍ശനമായി പരിശോധിക്കും.


മുഴുവന്‍ തദ്ദേശ സ്ഥാപന, നിയോജക മണ്ഡലങ്ങളിലും ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരോട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കേരള പോലീസ് സോഷ്യല്‍ മീഡിയ പട്രോളിംഗിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിംഗ് നടത്തുന്നുണ്ട്. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ വിധേയമാക്കും.


വ്യാജമോ ദോഷകരമോ അപകീര്‍ത്തികരമോ ആയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴി അത്തരം കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ സൈബര്‍ പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. അല്ലെങ്കില്‍ നിയമപ നടപടികള്‍ സ്വാകരിക്കാന്‍ പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ മാധ്യമ സംബന്ധിയായ വിഷയങ്ങള്‍ പരിശോധിക്കുന്നതിനായി രൂപവത്കരിച്ച മീഡിയ റിലേഷന്‍സ് കമ്മിറ്റിയുടെ ആദ്യ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്നു.

പത്ര, ദൃശ്യ, ശ്രവ്യ, സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി എല്ലാ ജില്ലകളിലും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.



Sharing is Caring