സര്‍വകലാശാലകള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം ആചരിക്കണമെന്ന യുജിസി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍


കൊല്‍ക്കത്ത: സര്‍വകലാശാലകള്‍ സപ്റ്റംബര്‍ 29 മിന്നലാക്രമണ ദിനമായി ആചരിക്കണമെന്ന യുജിസി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍. ഈ തീരുമാനം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി ആരോപിച്ചു.


വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ തന്ത്രമാണ് മിന്നലാക്രമണ ദിനാചരണ ആഹ്വാനമെന്നാണ് പാര്‍ഥാ ചാറ്റര്‍ജിയുടെ ആരോപണം. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ യുജിസിയെ കൂട്ടുപിടിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന് വേണ്ടി നമ്മുടെ സൈനികര്‍ അനുഭവിച്ച ത്യാഗങ്ങള്‍ സ്മരിക്കണമെന്നാണ് പറയുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും ഇത് അങ്ങനെയല്ല സൈന്യത്തെ ദുഷിപ്പിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനും വിവാദങ്ങള്‍ക്കും മേലെയാവണം സൈന്യത്തിന്റെ സ്ഥാനം. പക്ഷേ, ഇപ്പോള്‍ കാണാന്‍ കഴിയുന്നത് ബിജെപി സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതാണ്. ഇത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.


അതേസമയം, മിന്നലാക്രമണ ദിനാചരണം നിര്‍ബന്ധിതമല്ലെന്നും തീരുമാനമെടുക്കാനുള്ള അധികാരം സര്‍വ്വകലാശാലങ്ങള്‍ക്കുണ്ടെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ദേശസ്‌നേഹം മാത്രമേ ഉള്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഓര്‍മ പുതുക്കാന്‍ സര്‍വകലാശാലകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം ആഘോഷിക്കണമെന്നായിരുന്നു യുജിസി നിര്‍ദേശം. അന്ന് ഉറി ഭീകരാക്രണണത്തിന് തിരിച്ചടി എന്ന നിലയിലാണ് നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള ഏഴ് തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്.



Sharing is Caring