കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ആലപ്പുഴയില്‍ നടക്കും. വൈകീട്ട് നാലിന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാല്‍, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐ.ടി മേളകളും ലിയോ തേർട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും ലജ്നതുല്‍ മുഹമ്മദിയ്യ സ്‌കൂളില്‍ ഗണിതശാസ്ത്രമേളയും എസ്.ഡി.വി ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്.

കരിയർ സെമിനാർ, കരിയർ എക്‌സിബിഷൻ, നിരവധി കലാപരിപാടികള്‍ തുടങ്ങിയവയും ലിയോ തേർട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും. കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്ക് എജുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000ത്തോളം വിദ്യാർഥികള്‍ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.













