ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 16ന്


കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 16ന് നടക്കും. മൈത്രിപാല സിരിസേന മത്സരിക്കില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് സിരിസേന സ്ഥാനം ഒഴിയുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വ്യക്തമാക്കി. അഞ്ച് വര്‍ഷ കാലാവധി തീരാന്‍ 52 ദിവസം ശേഷിക്കെ ആയിരിക്കും അദ്ദേഹം പടി ഇറങ്ങുന്നത്.


ശ്രീലങ്കന്‍ രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനമുള്ള മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ കുടുംബം രണ്ട് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതു കൂടി കണക്കിലെടുത്താണ് സിരിസേനയുടെ പിന്‍മാറ്റം.കഴിഞ്ഞ വര്‍ഷം സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദരാജപക്സെയെ ആ സ്ഥാനത്ത് നിയമിച്ചത് വിവാദമായിരുന്നു. ശ്രീലങ്കന്‍ സുപ്രീംകോടതി ആ നടപടി റദ്ദാക്കി വിക്രമസിംഗെയെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത് സിരിസേനയ്‌ക്ക് തിരിച്ചടിയായിരുന്നു.


ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജപക്സെയുടെ ജ്യേഷ്‌ഠ സഹോദരന്‍ ചമാല്‍ രാജപക്‌സെയും ഇളയ സഹോദരന്‍ ഗോതാഭയ രാജപക്സെയും ആണ് ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍. മത്സരിക്കാന്‍ പണം കെട്ടിവച്ച്‌ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്‌ക്ക് അവസാനിച്ചപ്പോള്‍ സിരിസേന ഒഴികെ 41 സ്ഥാനാ‌ര്‍ത്ഥികളാണ് ലിസ്റ്റില്‍ ഉള്ളത്.



Sharing is Caring