കൊച്ചി: ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം നല്‍കണം എന്നും അവശ്യപ്പെട്ടു ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കേണ്ടത്. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന തന്‍റെ തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൊലക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി 196 ദിവസമാണ് പരോള്‍ നല്‍കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ പാനൂര്‍ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍വാസക്കാലത്ത് നടന്ന കണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ജയില്‍വാസക്കാലത്ത് കുഞ്ഞനന്തന്‍ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെയാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവെ കുഞ്ഞനന്തന് സ്ഥിരം പരോള്‍ കൊടുക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. അസുഖമുള്ളയാളെ ആശുപത്രിയിലേക്കയക്കുകയാണ് വേണ്ടത്, പരോള്‍ കൊടുക്കുകയല്ല എന്നായിരുന്നു കോടതി പരാമര്‍ശം.












