ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. സ്വര്‍ണപ്പാളികളിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി സാമ്പിളുകള്‍ പരിശോധിക്കും. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിര്‍ദേശം. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ നടത്താന്‍ കോടതി നിര്‍ദേശിച്ചു.
എക്സ്‌റേ ഫ്ളൂറസന്‍സ് സ്പെക്ട്രോസ്‌കോപ്പി, ഐ സി പി എം എസ് തുടങ്ങിയ പരിശോധനകള്‍ക്കായി ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്കോ ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി, ഹൈദരാബാദ് ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി തുടങ്ങിയ ലാബുകളിലേക്കോ സാമ്പിളുകള്‍ അയക്കും. നേരത്തെ വി എസ് എസ് സിയില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന നിഗമനത്തിലായിരുന്നെങ്കിലും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ഉണ്ടായ തൂക്കത്തിലെ കുറവ് എസ് ഐ ടിയെ കുഴപ്പിക്കുന്നുണ്ട്.

ഇതില്‍ നഷ്ടപ്പെട്ടത് സ്വര്‍ണമാണോ അതോ ചെമ്പാണോ എന്ന് ബി എ ആര്‍ സിയിലെ പരിശോധനയിലൂടെ വ്യക്തമാകും. ഈ മാസം 12ന് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി വിദഗ്ധരുടെ സഹായത്തോടെ സാമ്പിളുകള്‍ ശേഖരിക്കും. ഇതിനുശേഷം കേന്ദ്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം വരുന്നതോടെ സ്വര്‍ണക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ദ്വാരപാലക പാളി കേസില്‍ രണ്ട് പേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്നും എസ് ഐ ടി വ്യക്തമാക്കി.













