ശബരിമല വിഷയത്തില്‍ കലാപാഹ്വാനം: യു.എ.ഇയിലെ ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍


ദുബായ്: ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്റുകളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടേതാണെന്ന് സൂചന. കേരള പൊലീസിന്റെ ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ശബരിമല വിഷയത്തിന് ഊര്‍ജം പകരുന്ന രീതിയിലുള്ള പേരുകളിട്ട് വാട്ട്സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ വിദ്വേഷ പ്രചരണം. ഇത്തരത്തില്‍ ആയിരത്തോളം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പൊതുജനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന കാര്യങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ട്.
അതേസമയം, വിദേശത്ത് നിന്ന് സോഷ്യല്‍ മീഡിയയിലൂടെ പോസ്‌റ്റുകളിട്ടാല്‍ കേസുണ്ടാകില്ലെന്ന തെറ്റിദ്ധാരണയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ വ്യാജപേരുകളില്‍ തുടങ്ങിയ അക്കൗണ്ടുകളുടെ ഉടമകളെപ്പോലും കണ്ടെത്താനാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. പ്രൊഫൈല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ ഫേസ്ബുക്ക് അധികൃതരോട് മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് ഇത്തരം പോസ്‌റ്റുകള്‍ ഇടുന്ന ആളുകള്‍ താമസിക്കുന്ന രാജ്യത്തെ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ചിലരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.




Sharing is Caring