ശബരിമല വിധിയുടെ മറവില്‍ സംഘപരിവാര്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചു, രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: ശബരിമല വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും നവോത്ഥാന മൂല്യമുള്ള ഒരു സംഘടന ഇതിന് കൂട്ടുനിന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വനിതാ മതിലിനെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എന്‍.എസ്.എസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളും നിറുത്തലാക്കാന്‍ മന്നത്ത് പത്മനാഭന്‍ പോലുള്ള മഹാന്മാര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, ശബരിമലയിലെ വിധി തന്നെയാണ് വനിതാ മതിലിന് ആധാരമായതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശബരിമലയിലെ വിധിക്ക് പിന്നാലെ സ്ത്രീകളെ രംഗത്തിറക്കി നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമമുണ്ടായി. തുടര്‍ന്നാണ് നവോത്ഥാനമൂല്യങ്ങളുള്ള ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തിയാണ് വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന് വിവിധ സംഘടനകളും വ്യക്തികളും പിന്തുണ അറിയിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വര്‍ഗ സമരത്തിന്റെ ഭാഗം തന്നെയാണ്. വന്‍ മതില്‍ തന്നെ രൂപംകൊള്ളാനാണ് സാധ്യതയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ആര്‍.എസ്.എസ് സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവര്‍ നാടിന്റെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ കൂട്ടുനിന്നതെന്തിനെന്ന് വ്യക്തമാക്കണം. നവോത്ഥാന പാരമ്ബര്യമുള്ള ഒരു സംഘടന തന്നെ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. ഏതില്‍ നിന്നൊക്കെയാണ് സമദൂരം എന്നത് പരിശോധിക്കണം. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഈ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ വനിതാ മതിലില്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാന്‍ കേരളത്തിലെ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പൊലീസിന് ചില പരിമിതികളുണ്ട്. ഇത് തന്നെയാണ് ചിലര്‍ മുതലെടുക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് പൊലീസും സര്‍ക്കാരും ചെയ്യുന്നത്. എന്നാല്‍ എതിര്‍പ്പുകളുണ്ടായപ്പോള്‍ ഭക്തകള്‍ സ്വയം പിന്മാറുകയായിരുന്നു. പക്ഷേ തങ്ങള്‍ പിന്മാറില്ലെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച്‌ നിന്നാല്‍ പൊലീസ് എല്ലാ സഹായങ്ങളും നല്‍കും. സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്ന് പറയാന്‍ മന്ത്രിമാര്‍ക്കോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോ അവകാശമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയ ദുരിതാശ്വാസം ഇഴഞ്ഞുനീങ്ങുന്നുവെന്ന പ്രചാരണം തെറ്റ്

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസം ഇഴഞ്ഞു നീങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13311 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇതില്‍ 8881 വീടുകള്‍ സ്വയം നിര്‍മിക്കാമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വീട് വയ്‌ക്കാനുള്ള ആദ്യ ഗഡു ജനുവരി 30നകം വിതരണം ചെയ്യും. 6,87,000 പേര്‍ക്ക് 90 ദിവസത്തിനകം അടിയന്തര സഹായമായ 10,000 രൂപ എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Sharing is Caring