ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതേസമയം, യുവതി പ്രവേശന വിഷയത്തിലെ പ്രതിസന്ധിയില്‍നിന്നു കര കയറുന്നതിനായി സുപ്രീംകോടതിയെ നിയമപരമായി ഏതുതരത്തില്‍ സമീപിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യേണ്ട വിഷയത്തില്‍ തീരുമാനമെടുക്കും.

യുവതി പ്രവേശനം നടപ്പാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ, വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം, തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങളും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം.













