ശബരിമല: കമ്മിഷണറുടെ പുതിയ തീരുമാനത്തില്‍ വെട്ടിലായി ദേവസ്വം ബോര്‍ഡ്

ശബരിമല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മറികടന്ന് കമ്മിഷണറെടുക്കുന്ന ചില തീരുമാനങ്ങള്‍ക്കെതിരെ മുറുമുറുപ്പ് ശക്തം. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തര്‍ക്ക് കോടികള്‍ മുടക്കി തിരിച്ചറിയല്‍ ടാഗ് നല്‍കാനുള്ള കമ്മിഷണറുടെ നീക്കം സ‌ര്‍ക്കാരിനെയും ബോര്‍ഡിനെയും വെട്ടിലാക്കി.

ഇതിന് ഒന്നേകാല്‍ കോടി രൂപ വേണ്ടിവരുമെന്നാണ് ദേവസ്വം കമ്മിഷണര്‍ അറിയിച്ചത്. ശബരിമലയില്‍ പൊലീസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെക്കാള്‍ കോടികളുടെ വരുമാനക്കുറവ് നേരിടുകയാണിപ്പോള്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്ബളം ഉള്‍പ്പെടെ നല്‍കുന്നത് പരുങ്ങലിലാകുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് പാഴ്ച്ചെലവ് വരുത്തുന്ന കമ്മിഷണറുടെ നീക്കം വിവാദമായത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് ജീവനക്കാരും ദേവസ്വം സംഘടനകളും ഭയപ്പെടുന്നു. ബോര്‍ഡ് പ്രസിഡന്റ് അറിയാതെയാണ് ദേവസ്വം കമ്മിഷണര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സൂചന. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *