ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി; ഭക്തിയുടെ പേരിലല്ല സമരം; പ്രശ്‌നമുണ്ടാക്കാന്‍ എത്തിയ സംഘപരിവാറുകാരുടെ പേരുകള്‍ പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം വ്യക്തമായിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നു. സമരങ്ങള്‍ ഭക്തിയുടെ പേരിലല്ല. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍എസ്എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വിധി നടപ്പാക്കാതെ നിര്‍വാഹമില്ലെന്ന് അറിയാവുന്നതാണ്. വിധി വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും സ്വാഗതം ചെയ്തതാണ്. മാധ്യമങ്ങള്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു. എല്ലാവിധ ജനാധിപത്യ അവകാശങ്ങളും കൈയടക്കുന്ന സാഹചര്യം വന്നു. ആദ്യഘട്ട പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ശബരിമലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നമുണ്ടാക്കാന്‍ എത്തിയ സംഘപരിവാറുകാരുടെ പേരുകള്‍ മുഖ്യമന്ത്രി പറഞ്ഞു. സന്നിധാനത്ത് ചിത്തിര ആട്ട ദിവസം പ്രശ്‌നമുണ്ടാക്കാന്‍ വന്ന രാജേഷ് ആര്‍എസ്എസ് മൂവാറ്റുപുഴ കാര്യവാഹക് ആയിരുന്നു. സതീഷ്, വിഷ്ണു സുരേഷ്, കണ്ണന്‍,അമ്പാടി, എ.വി ബിജു, എന്നിവര്‍ ക്രിമിനലുകള്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്ര ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സന്നിധാനത്ത് വച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് മനസിലാക്കിക്കൊണ്ട് അവരെ ആക്രമിക്കുന്ന രീതിയായിരുന്നു സംഘപരിവാറിന്റേത്. പ്രശ്നമുണ്ടാക്കാന്‍ മറ്റുവഴിയില്ലാതെ വന്നപ്പോള്‍ 50 വയസു കഴിഞ്ഞ സ്ത്രീയെ ആക്രമിക്കുകയായിരുന്നു സംഘപരിവാര്‍.

കുട്ടിക്ക് ചോറുണിന് വന്ന അമ്മൂമ്മയും മറ്റുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്. ആചാരസംരക്ഷണമാണ് പ്രശ്നമുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു. ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി.

ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യം മാത്രമാണ് മണ്ഡല-മകരവിളക്കിന് നട തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ടായിരുന്നത്. ഹരിവരാസനം പാടി നടച്ചശേഷവും സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇത് ബോധപൂര്‍വ്വമാണ്. ശബരിമല സംഘപരിവാറിന്റെ കൈ പിടിയിലൊതുക്കാന്‍ എന്ത് കളവും വിളിച്ച് പറയുകയാണ്. കേരള പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കാത്തത് ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *