വീപ്പയ്ക്കുള്ളിലെ മൃതദേഹം :പ്രതിയെ തിരിച്ചറിഞ്ഞു, കൃത്യം നടത്തിയത് മകളുടെ കാമുകന്‍


കൊച്ചി: വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം കുമ്പളത്ത് ശകുന്തളയെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി പത്തു ദിവസം കഴിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ തൃപ്പൂണിത്തുറ സ്വദേശി സജിത്തായിരുന്നു കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


കൊലയ്ക്ക് ശേഷം ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി കായലില്‍ എറിയാന്‍ സജിത്തിനെ സഹായിച്ച സുഹൃത്തില്‍ നിന്നുമാണ് പോലീസിന് വിവരം കിട്ടിയത്. മകളുമായുള്ള സജിത്തിന്റെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച പ്രതി യുടെ സൃഹൃത്തുക്കളില്‍ നിന്നാണ് പ്രതിയെക്കുറിച്ചും പോലീസിന് വീവരം കിട്ടിയത്. പണാപഹരണവും കാരണമായിരിക്കാമെന്നും പോലീസ് കരുതുന്നു.


മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് നിറച്ച്‌ കായലില്‍ തള്ളുകയായിരുന്നു. വീപ്പ കായലില്‍ ഇടാന്‍ സജിത്ത് അഞ്ചു പേരുടെ സഹായം സ്വീകരിച്ചിരുന്നു. വീപ്പയില്‍ മൃതദേഹമായിരുന്നെന്ന് അറിയുമായിരുന്നില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. മുടിയുടെ ഡിഎന്‍എ പരിശോധനയിലായിരുന്നു കൊല്ലപ്പെട്ടത് ശകുന്തളയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു വര്‍ഷം മുമ്ബ് കാണാതായ ശകുന്തളയുടെ മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റ് നിറച്ച നിലയില്‍ 2018 ജനുവരി എട്ടിനായിരുന്നു കുമ്ബളം കായലില്‍ നിന്നും കിട്ടിയത്. 2016 സെപ്തംബറിലാണ് ശകുന്തള കൊല്ലപ്പെട്ടതെന്നാണ് സൂചന.

അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റപ്പോള്‍ കാലില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. ശസ്ത്രക്രിയയുടെ ഭാഗമായുള്ള കാലിലെ മാളിയോളര്‍ സ്ക്രൂവാണ് വീപ്പയ്ക്കുള്ളിലെ മൃതദേഹം ശകുന്തളയുടേതാണെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. പിന്നീട് വീപ്പയില്‍ നിന്നും കിട്ടിയ മുടി ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ മകള്‍ അശ്വതിയുടേതുമായി സാമ്യമുണ്ടായിരുന്നു. സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം വീടിനകത്തു വെച്ചു തന്നെ കോണ്‍ക്രീറ്റ് നിറച്ച്‌ അടച്ചതാകാം എന്നണ് പോലീസ് കരുതുന്നത്.

ഉദയംപേരൂര്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യയായ ശകുന്തള വീട്ടുകാരുമായി അകന്ന് തനിച്ചായിരുന്നു താമസിച്ചിരുന്നത്. മകള്‍ അശ്വതിയുമായി ശകുന്തള അടുപ്പതിലായിരുന്നില്ല. ഇവരുടെ പക്കല്‍ ധാരാളം പണമുണ്ടായിരുന്നതായി വിവരം ഉണ്ടായിരുന്നു. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കകം പ്രതി സജിത്ത് ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ഇയാളെ ആദ്യം മുതല്‍ പോലീസ് സംശയിച്ചിരുന്നു. അശ്വതിയൂം സജിത്തും തമ്മിലുള്ള ബന്ധം ശകുന്തള എതിര്‍ത്തിരുന്നതായി സൂചനയുണ്ട്. ഇവര്‍ തമ്മിലുള്ള രണ്ടു വര്‍ഷത്തിലേറെയുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

തനിച്ച്‌ താമസിച്ചിരുന്ന ശകുന്തളയുടെ പക്കല്‍ ആറുലക്ഷം രൂപയോളം ഉണ്ടായിരുന്നു എന്നാണ് നേരത്തേ പോലീസിന് കിട്ടിയ വിവരം. എന്നാല്‍ ശകുന്തളയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചെങ്കിലും അത് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ വീട്ടു ജോലിക്കാരിയായി ഉണ്ടാക്കിയ സമ്ബാദ്യത്തിനൊപ്പം മകന്‍ പ്രമോദ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുക, 2013 ല്‍ സ്വന്തമായി ഉണ്ടായിരുന്ന മൂന്ന് സെന്റ് ഭൂമി വിറ്റതിന്റെ പണവും ശകുന്തള സൂക്ഷിച്ചു വെച്ചിരുന്നു.



Sharing is Caring