വിവരാവകാശത്തിനും ജി.എസ്.ടി


വിവരാവകാശ നിയമത്തിലൂടെ വല്ലതും അറിയണമെങ്കില്‍ ഇനി അവിടെയും ജി.എസ്.ടി നല്‍കണം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പുനെ സ്വദേശി മുംബൈയിലെ വിവരാവകാശ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ജി.എസ്.ടി അടക്കാന്‍ നിര്‍ദേശിച്ചത്.


ആറു പേജുള്ള വിവരണത്തിന് 14 രൂപയാണ് നികുതിയടക്കാന്‍ ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ഒരു എ4 ഷീറ്റിന് 2 രൂപയാണ് നിരക്ക് ഏര്‍പ്പെടുത്തേണ്ടത്. ആറു പേജിന് 12 രൂപയ്ക്ക് പുറമേ 18 ശതമാനം ജി.എസ്.ടി എന്ന പേരില്‍ 2 രൂപയും അധികം ഈടാക്കി.
ഒരു രൂപ 9 ശതമാനം തോതില്‍ സംസ്ഥാന ജി.എസ്.ടിയും ഒരു രൂപ കേന്ദ്ര ജി.എസ്.ടിയുമായാണ് ഈടാക്കിയത്.


എന്നാല്‍ വിവരാവകാശത്തിന് ജി.എസ്.ടി ബാധകമല്ലെന്ന് സംസ്ഥാന വിവരാകാശ കമ്മിഷണര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26നാണ് പൂനെ സ്വദേശി സഞ്ജയ് ഷിരോദ്കര്‍ എം.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിവരാവകാശത്തിന് അപേക്ഷ നല്‍കിയത്. താന്‍ നിരവധി തവണ വിവരാവകാശം തേടിയിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഇക്കാര്യത്തിന് നികുതി ഏര്‍പ്പെടുത്തുന്നതെന്നും സഞ്ജയ് പറഞ്ഞു.



Sharing is Caring