കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് സംഘം. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്. ദർശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും പുറത്തുകടക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുക്കുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.
അതിനിടെ തൃപ്തി ദേശായിയുടെ യാത്ര സംബന്ധിച്ച് പൊലീസ് നിലപാടില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലയ്ക്കല്‍ എത്തിയാല്‍ തൃപ്തിക്ക് ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര് എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തൃപ്തിയെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. പുലർച്ചെ കുറച്ച് പ്രതിഷേധക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലർന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.
ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.













