വിദേശത്തുനിന്ന് ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ നാല് കോടിക്ക് മുകളില്‍ വില വരുന്ന മയക്കുമരുന്നു പിടികൂടി


ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് പിടിയില്‍. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്.


സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്ന് അറിയപ്പെടുന്ന ആളാണ് സഞ്ജു. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു.


പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എം ഡി എം എ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.



Sharing is Caring