വിജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ നേതാക്കളും മന്ത്രിമാരും.


നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ നേതാക്കളും മന്ത്രിമാരും. കരൂര്‍ ദുരന്തത്തിന് ശേഷം വിജയ്‌യുടെ പേരെടുത്ത് വിമര്‍ശിക്കാതിരുന്ന ഡിഎംകെ നേതാക്കള്‍, വിജയ്‌യുടെ വീഡിയോയ്ക്ക് ശേഷമാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.


ദുരന്തത്തിന് ഉത്തരവാദിത്തം വിജയിക്കെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. സ്ഥലം ഇടുങ്ങിയതാണെന്ന് ഇപ്പോഴാണോ മനസ്സിലായത് എന്ന് മന്ത്രി ശിവശങ്കര്‍ ചോദിച്ചു. ഒരു നേതാവ് എങ്ങനെ ആവരുതെന്ന് കരൂര്‍ ദുരന്തം തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞത് കൊണ്ടാണ് വിജയ് കരൂരില്‍ നിന്ന് ഓടിയൊളിച്ചതെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി എ രാജ പ്രതികരിച്ചു.


രൂക്ഷവിമര്‍ശനവുമായി കനിമൊഴി എംപിയും രംഗത്തെത്തി. ടിവികെ നേതാവ് അര്‍ജുന്‍ ആധവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റും ഡിഎംകെ ആയുധമാക്കുകയായിരുന്നു. കലാപാഹ്വാനത്തില്‍ വിജയ് മറുപടി പറയണമെന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. അതേസമയം കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര്‍ ആശുപത്രി വിട്ടു. ആറ് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വിജയ് കരൂരില്‍ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവര്‍ത്തകര്‍ കടകള്‍ക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വക്താവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമര്‍ശിച്ചുള്ള വിജയ്യുടെ പ്രതികരണത്തിനും അവര്‍ മറുപടി നല്‍കി.

തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ‘അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്’, എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനവും പിന്നാലെ ഡിഎംകെ നേതാക്കളുടെ പ്രതികരണവും വന്നത്.



Sharing is Caring