വിംബിള്‍ഡണില്‍ കൈയടികള്‍ നിറഞ്ഞു: അത്‌ കളിക്കാര്‍ക്കല്ല കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചവര്‍ക്ക്


ഈവർഷത്തെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്നു കേട്ടത് നൊവാക് ദ്യോകോവിന്റേയോ ആൻഡി മുറേയുടേയോ ആരാധകർ അവർക്കായി ഉയർത്തിയ കയ്യടികളുടേയോ ആർപ്പുവിളികളുടേയോ ശബ്ദമായിരുന്നില്ല. ലോകത്തിന് വേണ്ടി ഏറ്റവും മികച്ച ‘ഡിഫൻഡിങ് മൂവ്’ നടത്തിയ വ്യക്തികൾക്ക് വേണ്ടിയായിരുന്നു ഗാലറിയിലിരുന്നവരുടെ കയ്യടികൾ. പ്രൊഫസർ സാറ ഗിൽബർട്ടും മറ്റു കോവിഡ് മുന്നണിപോരാളികളും നൽകിയ സംഭാവന ടെന്നീസ് കോർട്ടിലെ ഏതൊരു തീപ്പൊരി ഏയ്സുകൾക്കും ഷോട്ടുകൾക്കും മുകളിലാണ്. അതിനാലാണ് അവരോടുള്ള നന്ദിയും ആദരവും കയ്യടികളായി ആ നിമിഷങ്ങളിൽ സ്റ്റേഡിയത്തിൽ ഉയർന്നത്.


കോവിഡിനെതിരെയുള്ള ഓക്സ്ഫോഡ്-ആസ്ട്രസെനക വാക്സിൻ നിർമാണത്തിന് നേതൃത്വം നൽകിയ ഫ്രൊഫസർ സാറ ഗിർബർട്ടും ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലെ മറ്റ് ജീവനക്കാരും സെന്റർ കോർട്ടിലെ റോയൽ ബോക്സിൽ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകുകയും ഇത്തവണത്തെ വിംബിൾഡൺ ടൂർണമെന്റ് സാധ്യമാക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളും മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളും ഓരോ ദിവസവും അതിഥികളായി എത്തുമെന്ന അറിയിപ്പ് ആദ്യം സ്റ്റേഡിയത്തിൽ ഉയർന്നു, പിന്നാലെ കയ്യടികളും.

online news portal

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത ദൗത്യത്തിന് നേതൃത്വം നൽകിയവർ ഇന്നിവിടെയുണ്ട് എന്ന് അനൗൺസർ പറഞ്ഞു കഴിയുമ്പോഴേക്കും കാണികൾ കയ്യടികളോടെ ഇരിപ്പിടങ്ങളിൽ നിന്നെണീറ്റ് ആദരവും ആഹ്ളാദവും പ്രകടിപ്പിച്ചു. റോയൽ ബോക്സിൽ ഇരിക്കുകയായിരുന്ന പ്രൊഫസർ സാറ ഗിൽബർട്ടിന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് വിംബിൾഡണിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഷെയർ ചെയ്ത വീഡിയോയിൽ കാണാം.



Sharing is Caring