വര്‍ക്കലയില്‍ വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു


വര്‍ക്കലയില്‍ വിവാഹത്തലേന്ന് ഉണ്ടായ കയ്യാങ്കളിയില്‍ വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു.എന്നാൽ പ്രതികളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് പറയാൻ ആയിട്ടില്ല. ഇവരിലെ ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ അറിയിച്ചു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിൻന്റെ പ്രാഥമിക നിഗമനം.


വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.


ഇന്നലെ രാത്രി ഏകദേശം ഒരു മണിയോട് കൂടിയാണ് പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവര്‍ വിവാഹ വീട്ടില്‍ എത്തി ബഹളം വച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്.കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്.



Sharing is Caring