വരാപ്പുഴ കസ്റ്റഡി മരണം: ടൈഗര്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടു


ആലുവ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു. ഇവരുടെ മര്‍ദനത്തില്‍ ശ്രീജിത്ത് മരിച്ചെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഫോഴ്‌സിനെ പിരിച്ചു വിടാനുള്ള തീരുമാനം. എസ്.പി നേരിട്ടാണ് ഫോഴ്‌സിനെ പിരിച്ചുവിട്ടത്.


റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എ.ആര്‍ ക്യാമ്പുകളിലെ പൊലിസുകാരായിരിക്കും അംഗങ്ങള്‍. 2016 മാര്‍ച്ചില്‍ രൂപീകരിച്ച ഫോഴ്‌സില്‍ പൊലിസ് ക്യാമ്പില്‍ നിന്നുള്ള 12 റിസര്‍വ് പൊലിസുകാരാണുള്ളത്. ഇടിവീരന്മാരായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലിസ് സംവിധാനമാകെ അട്ടിമറിച്ച് കൊണ്ട് റൂറല്‍ എസ്.പിയുടെ മാത്രം നിയന്ത്രണത്തിലുള്ള ആര്‍.ടി.എഫ് അംഗങ്ങള്‍ സ്റ്റേഷന്‍ പരിധിയില്‍ നടത്തുന്ന നടപടികള്‍ ഒന്നും ലോക്കല്‍ സ്റ്റേഷനില്‍ അറിയിക്കാറില്ലായിരുന്നു. വരാപ്പുഴ സംഭവുമായി ബന്ധപ്പെട്ട് മുഖം രക്ഷിക്കാനുള്ള റൂറല്‍ പൊലിസ് മേധാവി എ.വി ജോര്‍ജിന്റെ ശ്രമമാണ് പിരിച്ചുവിടലിലൂടെ ഇപ്പോള്‍ വെളിവാകുന്നത്. പൊലിസ് മേധാവിയുടെ ‘ വണ്‍ മാന്‍ ഷോ ‘ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്നും, സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും ആക്ഷേപമുണ്ട്.




Sharing is Caring