വരാപ്പുഴ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ശ്രീജിത്തിന്റെ ഭാര്യ


കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആക്ഷേപം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അഖില ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


പോലീസ് പ്രതിക്കൂൂട്ടില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ പോലീസ് ഈ കേസ് അന്വേഷിച്ചാല്‍ ശരിയാവില്ല. പോലീസ് പ്രതിയായ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ കസ്റ്റഡി മരണ കേസ് സിബിഐക്ക് വിടണമെന്ന് അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.


അതോടൊപ്പം ഈ സംഭവത്തെ ഹൈജാക്ക് ചെയ്യാനായി മറ്റുള്ളവരെ അനുവദിക്കരുതെന്ന നിലപാടും ശ്രീജിത്തിന്റെ ഭാര്യ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് കോടതിയില്‍ ഹാജരായത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അന്വേഷണം അവസാനഘട്ടത്തില്‍ കടന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 13ന് വിശദമായി വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോടതി ഇക്കാര്യത്തില്‍ അന്തിമ പ്രസ്താവം പുറപ്പെടുവിക്കുക.

അതേസമയം ബിജെപി നേതാവ് എ. എന്‍ രാധാകൃഷ്ണന്‍ കേസില്‍ കക്ഷി ചേരാനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. അതോടൊപ്പം ഈ കേസില്‍ ഇതുവരെ എടുത്തിട്ടുള്ള സമീപനങ്ങളും അന്വേഷണത്തിന്റെ വിശദാംശങ്ങളും എതിര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Sharing is Caring