വരാപ്പുഴ: എസ്‌ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും


കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്‌ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായി കൂട്ടുപ്രതികള്‍ മൊഴി നല്‍കി. വൈകിട്ടോടെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കും.


കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് ഉള്‍പ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്‌ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ണായകമായത്. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്‌ഐ ദീപക് ശ്രീജിത്ത്‌ ഉള്‍പ്പെടെ ഉള്ള പ്രതികളെ മര്‍ദ്ദിക്കുന്നതു കണ്ടു എന്നാണ് മൊഴി.


ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ മര്‍ദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി. എന്നാല്‍ മരണകാരണമായ മര്‍ദ്ദനം നടന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന വാദമാണ് ദീപക് ഉയര്‍ത്തുന്നത്.

രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ചു എത്തിയതിന്റെ അമര്‍ഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂര്‍ കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്ന് മുതല്‍ മൂന്നുവരെ പ്രതികളായ ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് പറവൂര്‍ കോടതി വിധി പറയും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടി നേരിട്ട പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനമെടുക്കും.



Sharing is Caring