കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ സമര നേതാവ് സോനം വാംഗ്ചുകിനെതിരെ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ പ്രവര്ത്തകന് സോനം വാംഗ്ചുക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (എസ് ഇ സി എം എ എല്‍) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ് സി ആര് എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
സംഘടനയുടെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ നിരവധി പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇടപാടുകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രാലയം പറയുന്നു.

വാംഗ്ചുകിന്റെ പ്രകോപനപരമായ സംസാരമാണ് ആള്‍ക്കൂട്ടം അക്രമാസക്തമാകാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നിരാഹാര സമരം പിന്‍വലിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സോനം വാംഗ്ചുക് അത് തുടര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ‘ജെന്‍ സീ’ പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.













