ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞ 26നു നടത്തിയ പ്രഭാഷണമാണ് ആര്‍ബിഐയില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പുറത്താക്കിയത്. റെഗുലേറ്ററി സ്ഥാപനങ്ങളുടെ സ്വാത്രന്ത്യമെന്ന വിഷയം സംസാരിക്കാന്‍ ഉപദേശിച്ചത് ഉര്‍ജിത് പട്ടേലാണെന്നും വിരാല്‍ ആചാര്യ വ്യക്തമാക്കിയിരുന്നു.
നയരൂപീകരണം, ദുര്‍ബല ബാങ്കുകള്‍ക്കു മൂലധനം അനുവദിക്കല്‍, ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ വിഹിതം കേന്ദ്രത്തിനു കൈമാറല്‍, വ്യക്തമായ രാഷ്ട്രീയ താല്‍പര്യമുള്ളവരെ ബോര്‍ഡില്‍ നിയമിക്കല്‍ തുടങ്ങി പല പ്രശ്‌നങ്ങളും വിരാല്‍ ആചാര്യ ഉന്നയിച്ചു.

സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് എസ്.ഗുരുമൂര്‍ത്തിയെയും എബിവിപി പശ്ചാത്തലമുള്ള സതീഷ് മറാത്തെയെയും ബാങ്കിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു നേരത്തേയും വിമര്‍ശിക്കപ്പെട്ടിരുന്നു. വിരാല്‍ ആചാര്യയുടെ വിമര്‍ശനങ്ങളോടു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പരസ്യമായി പ്രതികരിച്ചതോടെ പോര് രൂക്ഷമായി. പരസ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കപ്പെടുമെങ്കിലും 19ന്റെ ബോര്‍ഡ് യോഗത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്നാണു സൂചന. അതിനു മുന്‍പ്, ഈ മാസം 12നു ധനമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതി മുന്‍പാകെ ഉര്‍ജിത് പട്ടേല്‍ ഹാജരാവുന്നുണ്ട്.
നോട്ട് നിരോധനമാണു സമിതിയുടെ ചര്‍ച്ചയിലുള്ള വിഷയമെങ്കിലും ഇപ്പോഴത്തെ പ്രശ്‌നങ്ങളും ഉന്നയിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.
അതേസമയം, റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കേന്ദ്ര സര്‍ക്കാര്‍ പരിപോഷിപ്പിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ടെന്നു ധനമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതു താല്‍പര്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളുമാണു സര്‍ക്കാരിനെയും കേന്ദ്ര ബാങ്കിനെയും നയിക്കേണ്ടത്. അതിന് ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരും ബാങ്കുമായി വിശദമായ കൂടിയാലോചനകള്‍ നടക്കാറുണ്ട്. കൂടിയാലോചന വിഷയങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താറില്ല. അന്തിമ തീരുമാനങ്ങളാണു പരസ്യപ്പെടുത്താറുള്ളത്. ഇതു തുടരും- ധനമന്ത്രാലയം വ്യക്തമാക്കി.













