രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞു; പ്രിയങ്ക മത്സരിക്കും


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം പി സ്ഥാനം രാജിവെച്ചു. അദ്ദേഹം റായ്ബറേലിയില്‍ തുടരും. അതേ സമയം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലിയെന്നും രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തുടരാന്‍ പാര്‍ട്ടി യോഗത്തില്‍ തീരുമാനമായതി യോഗത്തിന് ശേഷം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റായ്ബറേലി സീറ്റില്‍ തുടരുന്നതാണു നല്ലതെന്നാണ് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടിലും ഇതേ ആവശ്യം ഉയര്‍ന്നു. പക്ഷേ, രണ്ടു സീറ്റില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഇതിനാല്‍ ദുഖത്തോടെ വയനാട് ഒഴിയാന്‍ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും-ഖര്‍ഗെ പറഞ്ഞു.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. രാഹുല്‍ വയനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ പ്രതികരിക്കുകയുമുണ്ടായി.2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്



Sharing is Caring