രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്ന കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍

രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിര്‍ത്തുക എന്നതില്‍ തീരുമാനം ഉടനുണ്ടാകും. രാഹുല്‍ റായ്ബറേലി നിലനിര്‍ത്തണം എന്നാണ് കോണ്‍ഗ്രസിലെ ധാരണ.

ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് രാജി സമര്‍പ്പിക്കാനുള്ള അന്തിമ തിയതി നാളെയാണ്. വിജയിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. വയനാട് ഒഴിയാനും ലോകസഭയിലെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കാനും പ്രവര്‍ത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

ഏത് മണ്ഡലം ഒഴിയണമെന്നതില്‍ ധര്‍മസങ്കടമുണ്ടെന്ന് വയനാട് മണ്ഡലം സന്ദര്‍ശിച്ച രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്‍ഡ്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം. യുപിയില്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു.

വയനാട് രാജിവച്ചാല്‍ ആറു മാസത്തിനുള്ളില്‍ ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കും. വയനാട് രാഹുലിനു പകരം പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഒഴിയുന്നതോടെ ഉണ്ടാവാന്‍ ഇടയുള്ള വയനാട്ടിലെ വോട്ടര്‍മാരുടെ നിരാശ മറികടക്കാന്‍ പ്രിയങ്കയെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *