രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും


രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബംഗളൂരുവിലെ എൻഐഎ കോടതിയിലാകും അഞ്ച് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുക.
സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുള്‍ മത്തീൻ താഹ, മാർച്ച്‌ ഒന്നിന് കഫേയില്‍ ബോംബ് സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷാസിബ് എന്നിവരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.


സ്ഫോടനം നടത്താൻ പ്രതികള്‍ ഗൂഢാലോചന നടത്തിയത് വിദേശത്ത് വെച്ചായിരുന്നു എന്നാണ് വിവരം.
‘കേണല്‍’ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന താഹ നേരിട്ട് സ്‌ഫോടനത്തിൻ്റെ നടത്തിപ്പുകാരനുമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബ (എല്‍ഇടി) കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായ ഷൊയ്ബ് മിർസ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങളില്‍ ചേരുകയും കഫേ സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്‌തെന്നാണ് എൻഐഎയുടെ കൂടുതല്‍ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.2018-ല്‍ ഷൊയ്ബ് മിർസ അബ്ദുള്‍ മതീൻ താഹയുമായി സൗഹൃദം സ്ഥാപിക്കുകയും വിദേശത്തുള്ള ഒരു ഓണ്‍ലൈൻ ഹാൻഡ്ലറെ പരിചയപ്പെടുത്തുകയും ചെയ്തു. ഹാൻഡ്ലറും താഹയും തമ്മിലുള്ള ആശയവിനിമയത്തിനായി മിർസ ഒരു എൻക്രിപ്റ്റ് ചെയ്ത ഇമെയില്‍ ഐഡിയും നല്‍കി.


പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മതീൻ താഹ എന്നിവർക്കൊപ്പം കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്ന് ഏപ്രില്‍ 12 നാണ് ഷൊയ്ബ് മിർസയെ അറസ്റ്റ് ചെയ്തത്. കഫേയില്‍ ബോംബ് വെച്ചത് മുസാവിർ ഹുസൈൻ ഷാസിബാണെന്നും സ്‌ഫോടനത്തിൻ്റെ സൂത്രധാരൻ അബ്ദുള്‍ മത്തീൻ താഹയാണെന്നും ഭീകരവിരുദ്ധ ഏജൻസി അറിയിച്ചു. ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡ് ഔട്ട്‌ലെറ്റില്‍ മാർച്ച്‌ ഒന്നിനാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൻ്റെ തീവ്രത കുറവായിരുന്നുവെങ്കിലും ഉപഭോക്താക്കളും ഹോട്ടല്‍ ജീവനക്കാരും ഉള്‍പ്പെടെ 10 പേർക്ക് പരിക്കേറ്റിരുന്നു.



Sharing is Caring