ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന ജൈന സന്യാസി തരുണ്‍ സാഗര്‍ (51) അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജൈന സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള സന്യാസിമാരില്‍ ഒരാളാണ് തരുണ്‍ സാഗര്‍.
1967 ജൂണ്‍ 26ന് മദ്ധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. പാദം നിലത്തു തൊടുന്നത് പോലും അന്യജീവികള്‍ക്ക് ഹാനികരമാകരുതെന്ന ചിന്താഗതിയാണ് തരുണ്‍ സാഗറിനുള്ളത്. 2016ല്‍ ഹരിയാന നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്‌നനായി തരുണ്‍ സാഗര്‍ പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സമ്പന്നമായ ആദര്‍ശങ്ങളാലും സമൂഹത്തിനുള്ള സംഭാവനകളാലും തരുണ്‍ സാഗര്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ സന്ദേശത്തില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും മരണത്തില്‍ അനുശോചിച്ചു.













