ജയ്പൂര്‍: രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി കിരണ്‍ മഹോശ്വരിക്കെതിരെ ഭീഷണിയുമായ ശ്രീ രജ്പുത്ര് കര്‍ണി സേന. മന്ത്രി രജ്പൂത്രരെ അധിക്ഷേപിക്കുന്നുവെന്നാണ് കര്‍ണിസേനയുടെ ആരോപണം. വിവാദ പരാമര്‍ശത്തില്‍ മന്ത്രി ഉടനി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലെങ്കില്‍ വേണ്ടിവന്നാല്‍ മന്ത്രിയുടെ മൂക്കും കാതുകളും ഛേദിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു.
രജ്പുത്രരെ ‘എലികളോട്’ മന്ത്രി ഉപമിച്ചുവെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ ഭാഗത്തുനിന്നും പ്രകോപനപരമായ പരാമര്‍ശമുണ്ടായത്. രാജസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ രജ്പുത്രര്‍ ശക്തമായ പ്രചാരണം നടത്തുകയാണല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘ശക്തമായ മഴയില്‍ എലികള്‍ മാളത്തില്‍ നിന്ന് പുറത്തുചാടുന്നപോലെ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ചിലര്‍ മാളത്തില്‍ നിന്ന് പുറത്തുചാടും’ എന്നായിരുന്നു മറുപടി. ഇതാണ് രജ്പുത്രരെ പ്രകോപിപ്പിച്ചത് .പിറ്റേന്ന് തന്നെ മന്ത്രിക്കെതിരെ ഭീഷണിയുമായി കര്‍ണിസേന എത്തി. മന്ത്രി പരമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ‘പദ്മാവത്’ വിവാദവുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണ്‍ നേരിട്ട പ്രശ്‌നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

രാജസ്ഥാനില്‍ ബി.ജെ.പി കരുത്തരായത് രജ്പുത് സമുദായത്തിന്റെ പിന്‍ബലത്തിലാണ്. മഹേശ്വരി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഈ ‘എലികളുടെ’ പിന്തുണയോടെയാണ്. അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ അവരെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറയുന്നു. മന്ത്രിയുടെ മണ്ഡലമായ രാജ്‌സമന്ദില്‍ 40,000ഓളം രജ്പുത് വോട്ടര്‍മാരുണ്ട്. അവര്‍ ഉടന്‍ മാപ്പുപറയണം. സര്‍ക്കാരും പ്രസ്താവന ഇറക്കണം- കര്‍ണിസേന സംസ്ഥാന അധ്യക്ഷന്‍ മഹിപാല്‍ മക്രാന ആവശ്യപ്പെട്ടു.
സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നവരാണ് തങ്ങള്‍. എന്നാല്‍ അവര്‍ സമുദായത്തെ അപമാനിച്ചാല്‍ അത് സഹിച്ചുനില്‍ക്കില്ലെന്നും മക്രാന പറഞ്ഞു. അതേസമയം, താന്‍ സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശം രജ്പുത്രര്‍ക്കെതിരെ തിരിച്ചുവിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും രംഗത്തെത്തി. മന്ത്രി മാപ്പുപറയണം. ബി.ജെ.പി സാധാരണ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുകയാണ്. സമുദായങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇത്തരം പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.













