യു ഡി എഫ് ഏകോപന സമിതി ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട


യു ഡി എഫ് ഏകോപന സമിതി ഇന്ന് കൊച്ചിയില്‍ ചേരും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യോഗമാണിത്.


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിച്ച ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു ഡി എഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കണമെന്ന അപേക്ഷ മുന്നണി നേതൃത്വത്തിനു മുമ്പാകെയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവുമോ എന്നു വ്യക്തമല്ല.


നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കും എതിരെ നിലപാടു സ്വീകരിച്ച പി വി അന്‍വറിനു മുമ്പില്‍ അടച്ച വാതില്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയില്ല. അന്‍വറിന്റെ സ്വാധീനം നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണെന്നും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുമ്പ് അന്‍വറിനെ മുന്നണിയില്‍ എത്തിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും നേതാക്കള്‍ കരുതുന്നു. അതിനാലാണ് അന്‍വര്‍ വിഷയം തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ട എന്ന ധാരണയില്‍ നേതാക്കള്‍ എത്തിയത്.

മുന്നണി വിപുലീകരണത്തെ കുറിച്ച് പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. മാണി കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണമാറ്റത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി അവരെ മറുകണ്ടം ചാടിക്കാന്‍ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്.



Sharing is Caring