യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും നേര്‍ക്കുനേര്‍ വരും. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന 74ാമത് പൊതുസഭ സമ്മേളനത്തില്‍ ഇരു രാഷ്ട്രത്തലവന്മാരും സംസാരിക്കും.
ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മോദിയുടെ പ്രസംഗം.ഇതിന് ശേഷമാണ് ഇംറാന്‍ ഖാന്‍റെ പ്രസംഗം തീരുമാനിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയം ഇംറാന്‍ ഖാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നാകെ ഉന്നയിക്കും. അതേസമയം, മേഖലയുടെ വികസനവും സമാധാനശ്രമങ്ങളുമാകും മോദിയുടെ പ്രസംഗവിഷയം. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പൊതുസഭ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന സാര്‍ക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ പ്രസംഗം പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ബഹിഷ്കരിച്ചിരുന്നു. കശ്മീരിനോട് ഇന്ത്യ കാട്ടിയ അനീതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമ്ബോള്‍ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ച് ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍കൊണ്ടുവരാനാണ് പാക് നീക്കം.












