യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ യുക്രൈൻ.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ സമ്മർദത്തിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. അമേരിക്കയും യുക്രെയ്നും തമ്മിൽ നിർണായകമായ ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്. റഷ്യ- യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം.അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിന് യുക്രെയ്ൻ സമ്മതിച്ചതെന്നാണ് സൂചന.
അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂർവധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഭാവിയിലെ അമേരിക്കൻ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുന്നതിനായി സെലൻസ്കിയാണ് യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങൾ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നൽകിയത്. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണു കരാർ എന്നാണ് ട്രംപിന്റെ നിലപാട്.














