മ്യാൻമറിൽ വിമാനാപകടം: മരണം 12 ആയി

മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. പൈലറ്റും ഒരു യാത്രക്കാരനും രക്ഷപ്പെട്ടതായും ഇവരെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ എന്നറിയപ്പെടുന്ന മെയ്‌മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പ്യിൻ ഓ ല്വിനിലെ അനിശാഖൻ വിമാനത്താവളത്തിൽ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന.

പ്യിൻ ഓ ല്വിനിൽ പുതുതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിൻറെ തറക്കല്ലിടൽ ചടങ്ങിനായാണ് ആറു സൈനികരും രണ്ടു സന്യാസികളും ആറു വിശ്വാസികളും ഉൾപ്പെടുന്ന സംഘം നയ്പിഡോയിൽ നിന്നു പുറപ്പെട്ടത്. സെ കോൺ മൊസ്ട്രിയിലെ പ്രധാന സന്യാസിയാണ് മരിച്ചവരിൽ ഒരാളെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി ഒന്നിന് ആംഗ് സാൻ സൂകിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതു മുതൽ മ്യാൻമർ പ്രക്ഷുബ്ധമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *