പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായും രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ഭീഷണിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
മോദിയും അമിത് ഷായും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ആപത്താണ്. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടനയെപ്പോലും അവര്‍ വെറുതെ വിടില്ല. ഇങ്ങനെ സംഭവിക്കുന്നത് നമുക്ക് തടയണം കെജരിവാള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

ഈയിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ബി.ജെ.പി പുറത്തായി. മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും ചത്തീസ്ഗഢ് കോണ്‍ഗ്രസ് അനായാസം പിടിച്ചെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ കോണ്‍ഗ്രസും തിരിച്ചടി നേരിട്ടു. ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ മിസോ നാഷണല്‍ പാര്‍ട്ടി വലിയ മാര്‍ജിനിലാണ് തോല്പിച്ചത്. അതേസമയം തെലങ്കാനയില്‍ തെലുങ്കു ദേശം പാര്‍ട്ടി അനായാസം കേവല ഭൂരിപക്ഷം നേടി.
മോദി രാജിന്റെ തകര്‍ച്ച തുടങ്ങി എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമര്‍ശിച്ചുള്ള അരവിന്ദ് കെജരിവാളിന്റെ പ്രതികരണം.












