മോദി അംബാനിയെ സഹായിച്ചത് പുറത്ത് കൊണ്ടുവരും: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തായി അനില്‍ അംബാനിയെ സഹായിച്ചത് താന്‍ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ സര്‍ക്കാരിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ”കാവല്‍കാരന്‍ തന്നെയാണ് കള്ളന്‍” മോദി നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല. അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


റഫേല്‍ ഇടപപാടില്‍ സുപ്രീംകോതടി പരാമ‍ര്‍ശിച്ച സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചും രാഹുല്‍ സംശയം ഉന്നയിച്ചു. സി.എ.ജി റിപ്പോര്‍ട്ടാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനം. എന്നാല്‍ പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയര്‍മാന്‍ ആയ മല്ലികാര്‍ജുന്‍ ഖാ‌ര്‍ഗെ പോലും ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കോടതി മാത്രമേ കണ്ടിട്ടുള്ളു. എവിടെയാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും അത് കാണിക്കാന്‍ സാധിക്കുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചിലപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ട് ഫ്രാന്‍സിലായിരിക്കും,​ അതുമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേകം സ്ഥലം ഉണ്ടാകുമായിരിക്കും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.


ഫ്രാന്‍സില്‍ നിന്നും വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാട്ടി കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടാന്‍ തെളിവില്ലായിരുന്നു എന്നാണ് കോടതിയുടെ വിശദീകരണം.



Sharing is Caring